തമിഴ്‌നാട്ടില്‍ ടിവികെ തരംഗം മുന്‍കൂട്ടി പ്രവചിച്ചു; അണ്ണാഡിഎംകെയുമായി കൂട്ടുകൂടുന്നതില്‍ എതിര്‍പ്പ്; തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനിന്നു; ഒടുവില്‍ നിര്‍ണായക തീരുമാനത്തിലേക്ക് അണ്ണാമലൈ; പുതിയ പാര്‍ട്ടി തുടങ്ങുമെന്ന അഭ്യൂഹം തള്ളി ബിജെപി

 


ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. 'മക്കള്‍ ശക്തി ഇയക്കം' ('തമിഴക മക്കള്‍ ശക്തി കക്ഷി' (TMSK) എന്ന പേരില്‍ പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കാന്‍ ഒരുങ്ങുന്നതായാണ് ദേശീയ മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പദവിയില്‍ നിന്ന് മാറ്റപ്പെടുകയും പകരം നൈനാര്‍ നാഗേന്ദ്രന് ചുമതല നല്‍കുകയും ചെയ്തതോടെയാണ് അണ്ണാമലൈ പാര്‍ട്ടി നേതൃത്വവുമായി അകന്നത്.

 നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാമലൈക്ക് സീറ്റ് നല്‍കിയിരുന്നില്ല എന്നതും, തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് മാത്രം നേടി ബിജെപി കനത്ത പരാജയം ഏറ്റുവാങ്ങിയതും ഈ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. അടുത്ത ദിവസങ്ങളില്‍ അണ്ണാമലൈ വാര്‍ത്താ സമ്മേളനം വിളിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ജൂണ്‍ മൂന്നോടെ പുതിയ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അണ്ണാമലൈ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ പാര്‍ട്ടിയുടെ പേരുകളും കൊടിയുടെ ഡിസൈനുകളും ഇതിനോടകം പങ്കുവെക്കാന്‍ തുടങ്ങിയിട്ടുണ്ട്. 

കേന്ദ്ര ഗവണ്‍മെന്റിന്റെയും സിബിഎസ്ഇയുടെയും ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ത്രിഭാഷാ പദ്ധതിക്കെതിരെ അണ്ണാമലൈ പരസ്യമായി രംഗത്തുവന്നതും ഇത് രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. ഈ നയം കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും അനാവശ്യമായ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെയുമായി (AIADMK) സഖ്യം പുനരുജ്ജീവിപ്പിക്കാനുള്ള ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിലും അണ്ണാമലൈക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. 

മുന്‍പ് സി.എന്‍. അണ്ണാദുരൈ, ജെ. ജയലളിത എന്നിവര്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍ അണ്ണാഡിഎംകെയെ അകറ്റുകയും, 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികള്‍ക്കും വലിയ തിരിച്ചടിക്ക് കാരണമാവുകയും ചെയ്തിരുന്നു. നിലവില്‍ തമിഴ്നാട് ഭരിക്കുന്ന ടിവികെയുടെ (TVK) നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന അണ്ണാമലൈ, ടിവികെ തിരഞ്ഞെടുപ്പില്‍ ചരിത്ര മുന്നേറ്റം നടത്തുമെന്ന് വോട്ടെണ്ണലിന് മുന്‍പ് തന്നെ പ്രവചിച്ചിരുന്നു. കൂടാതെ ഒരു വലിയ 'സര്‍പ്രൈസ്' വരുന്നുണ്ടെന്ന് അദ്ദേഹം തന്റെ അടുത്ത അനുയായികളോട് പങ്കുവെച്ചിരുന്നതായും പറയപ്പെടുന്നു.

വിദേശ സന്ദര്‍ശനം കഴിഞ്ഞ് കഴിഞ്ഞദിവസം തിരിച്ചെത്തിയ അണ്ണാമലൈ, പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി സൂപ്പര്‍ താരം രജനികാന്തുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്. തമിഴ്നാട്ടില്‍ 'മക്കള്‍ ശക്തി' എന്ന പേരില്‍ ഒരു പുതിയ പാര്‍ട്ടി വരുന്നുണ്ടെന്ന വാര്‍ത്തകളോട് പ്രതികരിച്ച കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം, പാര്‍ട്ടിയുടെ പേര് ഏറെ കൗതുകകരമാണെന്ന് അഭിപ്രായപ്പെട്ടു. 

തമിഴ്നാട് രാഷ്ട്രീയത്തില്‍ വലിയൊരു മൂവ്‌മെന്റ് ലക്ഷ്യമിട്ടാണ് അണ്ണാമലൈയുടെ നീക്കമെന്ന് വ്യക്തമാകുമ്പോഴും, ബിജെപി സംസ്ഥാന സെക്രട്ടറി വിനോജ് പി. സെല്‍വം ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ വാര്‍ത്തകള്‍ തള്ളിക്കളയുന്നുണ്ട്. വിഷയം വെറും അഭ്യൂഹമാണെന്നും അണ്ണാമലൈക്ക് ദേശീയ നേതൃത്വത്തില്‍ ഉയര്‍ന്ന പദവികള്‍ നല്‍കിയേക്കുമെന്നുമാണ് ബിജെപി ഔദ്യോഗികമായി വ്യക്തമാക്കുന്നത്. അണ്ണാമലൈ ഇന്ന് ഡല്‍ഹിയില്‍ വെച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീനുമായി കൂടിക്കാഴ്ച നടത്താന്‍ അനുമതി തേടിയതോടെ തമിഴ് രാഷ്ട്രീയത്തിലെ സസ്‌പെന്‍സ്  മുറുകുകയാണ്.



Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items